ഉപനിഷത് അനുസരിച്ച് (ഈശോപനിഷത്, ശ്ലോകം 1 ) ഈശാ വാസ്യമിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാ മാഗൃധ കസ്യസ്വിദ്ധനം
ഈ പ്രപഞ്ചം മുഴുവൻ ഈശ്വരൻ വ്യാപരിച്ചിരിക്കുന്നു, അനാദിയായ ഈ പ്രപഞ്ചത്തിൽ ഉള്ളതെല്ലാം ഈശ്വരനാൽ ഉള്ളതാണ്. നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കാതിരിക്കുക.
എല്ലാ ജീവികളിലും അന്തർലീനമായിട്ടുള്ള പരമമായ ശക്തിയെ അഥവാ ആത്മാവിനെയാണ് ഈശ്വരൻ എന്ന് അർത്ഥമാക്കിയിട്ടുള്ളത്. ആ ഈശ്വരൻ പ്രപഞ്ചം മുഴുവനും പ്രപഞ്ചത്തിൽ ഉള്ളതിലെല്ലാം വ്യാപാരിച്ചിരിക്കുന്നു. അത് കൊണ്ടാണ് പ്രപഞ്ചവും ഈശ്വരനും രണ്ടല്ലെന്നുള്ള വ്യാഖ്യാനത്തിൽ ചില വ്യാഖ്യാതാക്കൾ എത്തി ചേർന്നിരിക്കുന്നത്.
ഇത് തന്നെയാണ് ഖുർആൻ 4 :126 ഉം ഉദ്‌ബോധനം ചെയ്യുന്നത് وَلِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِۚ وَڪَانَ ٱللَّهُ بِكُلِّ شَىۡءٍ۬ مُّحِيطً۬ا വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാകുന്നു.അവന്‍ സമസ്ത ചരാചരങ്ങളെയും വലയം ചെയ്തവനല്ലോ
ഒരിക്കലും കൂടി ചേരാൻ സാധ്യതയില്ലാത്തതെന്നും അഥവാ കൂടി ചേരരുതെന്നും വൈരുദ്ധ്യപൂർണമെന്നും സൃഷ്ടികളായ മനുഷ്യർ ചിന്തിക്കുന്നതും ആഹ്വാനം ചെയ്യുന്നതുമായ മതങ്ങളെല്ലാം ഈശ്വരൻ എന്ന നിർവ്വചനത്തിനും അതിന്റെ പരിധിക്കും ഒരേ അർത്ഥം തന്നെയാണ് കല്പിച്ചിട്ടുള്ളതെന്ന് നമുക്ക് കാണാം. മതമെന്ന് കേൾക്കുന്നതും ശബ്ദിക്കുന്നതും എഴുതുന്നതുമെല്ലാം അരോചകമെന്ന് വ്യാഖ്യാനിക്കുന്ന ആധുനിക മനുഷ്യൻ ഇവയെന്താണ് പഠിപ്പിക്കുന്നത് എന്ന് ആദ്യം അറിയുക നന്നായിരിക്കും.
പ്രപഞ്ചത്തിലെ ഈശ്വര സൃഷ്ടികളിൽ ഏറ്റവും ഉദാത്തമായ സൃഷ്ടിയായി മനുഷ്യനെ സൃഷ്ടിച്ചപ്പോൾ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വേണ്ടി, സമാധാനപരമായ സഹവാസത്തിന് വേണ്ടി ഈശ്വരൻ തന്നെ കല്പിച്ച നിയമങ്ങളാണ് കാലാകാലങ്ങളിൽ മതങ്ങളായി രൂപാന്തരം പ്രാപിച്ചത്.
അതിലൊന്നാണ് ഈ സൂക്തത്തിന്റെ രണ്ടാം ഭാഗത്ത് പ്രതിപാദിച്ച നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കാതിരിക്കുക. ആഗ്രഹങ്ങളാണ് എല്ലാ ദുഃഖത്തിന്റേയും കാരണമെന്ന ബുദ്ധതത്വം ഇവിടെ ശ്രദ്ധേയമാണ്. ഈ ലോകത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടേയും കയ്യേറ്റത്തിന്റെയും അധിനിവേശത്തിന്റേയും യുദ്ധത്തിന്റെയും കാരണം അധികാരമെന്ന സ്വാർത്ഥമോഹമാണ്. മറ്റുള്ളവരുടെ മേൽ, മറ്റ് രാജ്യങ്ങളുടെ മേൽ തങ്ങൾക്ക് മേൽക്കോയ്മ വേണമെന്ന അധികാര മോഹം.
നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കാതിരിക്കുക, എന്ന ലളിതമായ ഈ വാക്യത്തിലൂടെ ലോകത്തിലെ എല്ലാ പ്രശനത്തിലേക്കും വിരൽ ചൂണ്ടുകയാണ് ഇവിടെ.
ഈ സത്യം തന്നെയാണ് പരിശുദ്ധ ഖുർആൻ 2 :188 ഉം വ്യക്തമാക്കുന്നത്, وَلَا تَأۡكُلُوٓاْ أَمۡوَٲلَكُم بَيۡنَكُم بِٱلۡبَـٰطِلِ وَتُدۡلُواْ بِهَآ إِلَى ٱلۡحُڪَّامِ لِتَأۡڪُلُواْ فَرِيقً۬ا مِّنۡ أَمۡوَٲلِ ٱلنَّاسِ بِٱلۡإِثۡمِ وَأَنتُمۡ تَعۡلَمُونَ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം മനഃപൂര്‍വം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്.
പരോക്ഷമായി പോലും മറ്റുള്ളവരുടെ ധനം ആഹരിക്കാതിരിക്കാൻ നികുതിയായോ മറ്റ് രൂപത്തിലോ ഭരണാധികാരികൾക്ക് നൽകരുതെന്നും ഖുർആൻ വിലക്കുന്നു.