ഏറ്റവും പഴക്കമുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ഭഗവദ് ഗീതയിലൂടെ ഉപനിഷത്തുകളിലൂടെ തോറയിലൂടെ, സുവിശേഷങ്ങളിലൂടെ, അവസാനം ഖുർആനിലെത്തി നിൽക്കുമ്പോൾ ഇവയിലൂടെയെല്ലാം കാലാന്തരങ്ങളിലെ മനുഷ്യസമൂഹത്തിന് നൽകിയ നിർദ്ദേശക തത്വങ്ങളായിരുന്നു, ആത്മീയവേദങ്ങളായി പരിണമിച്ചത്. ഇവയിലെല്ലാം ആത്മാവ് എന്നത് നിത്യസത്യമായി നിലകൊള്ളുന്നു.
ഏതൊരു വേദ വിദ്യാർത്ഥിയും ഉപനിഷത്തെന്ന വേദ പാരായണത്തിന് മുമ്പേ ചൊല്ലുന്ന ശാന്തി മന്ത്രമിതാണ്.
ഓം പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത്
പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണ
മേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
(അത്, ബാഹ്യലോകം അഥവാ അദൃശ്യ ലോകം പരബ്രഹ്മത്താൽ പൂർണ്ണമാണ് : ഇത്, ഇഹലോകം അഥവാ ദൃശ്യ ലോകവും ആ ബ്രഹ്മത്താൽ പൂർണ്ണമാണ് : ആ ദൈവീകാവസ്ഥയുടെ പൂർണതകൊണ്ടാണ് ഈ ലോകം പ്രത്യക്ഷമാകുന്നത് അഥവാ പൂർണമാകുന്നത്. പൂർണമായ ദൈവീകതയിൽ നിന്നും പൂർണതയെ മാറ്റുകയാണെങ്കിലും പൂർണത അവശേഷിക്കുന്നു ( എന്ത് കൊണ്ടെന്നാൽ ദൈവീകാവസ്ഥ അനന്തമാണ്)
ഇവിടെ പൂർണമായ പരബ്രഹ്മത്തെ കുറിച്ച് ആദ്യമായി സൂചിപ്പിക്കുമ്പോൾ തന്നെ "അത്" എന്ന് വിവക്ഷിക്കുന്ന ബാഹ്യലോകം അഥവാ അദൃശ്യ ലോകവുമായി ബന്ധപ്പെടുത്തുന്നു അഥവാ ആ ബാഹ്യലോകത്തിന്റെ അഥവാ അദൃശ്യ ലോകത്തിന്റെ പൂർണതകൊണ്ടാണ് ഈ ദൃശ്യ ലോകം പൂർണ്ണമായിരിക്കുന്നത്.
അത് കൊണ്ട് അദൃശ്യമായ ബാഹ്യലോകത്തിലുള്ള അഥവാ പരബ്രഹ്മമെന്ന ഈശ്വരനിലുള്ള വിശ്വാസം എല്ലാ പൂർണതയുടെയും അടിസ്ഥാനമാണ്.
ഈ അദൃശ്യത്തിലുള്ള വിശ്വാസം തന്നെയാണ് ഖുർആനിന്റെയും അടിസ്ഥാനം. പരിശുദ്ധ ഖുർആൻ എന്താണെന്ന് ഖുർആൻ തന്നെ പരാമർശിക്കുന്ന രണ്ടാം അദ്ധ്യായത്തിന്റെ ആദ്യത്തിൽ പറയുന്നു,
ذَٲلِكَ ٱلۡڪِتَـٰبُ لَا رَيۡبَۛ فِيهِۛ هُدً۬ى لِّلۡمُتَّقِينَ (٢) ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَـٰهُمۡ يُنفِقُونَ
(അദ്ധ്യായം 2 :2-3 ഈ പുസ്തകം, യാതൊരു സംശയവുമില്ല, ഭക്തജനങ്ങൾക്ക് സന്മാർഗദർശകമത്രെ. ഭക്തജനങ്ങളോ, അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും ആകുന്നു.
ഇവിടെ പരാമർശിക്കുന്ന അതിഭൗതീക യാഥാർഥ്യമാണ് ഉപനിഷത്ത് വ്യക്തമാക്കിയ അദൃശ്യമായ ബാഹ്യലോകം. ഈ അദൃശ്യതയിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ദൈവത്തെ കുറിച്ച് ചിന്തിക്കാനാവൂ, വിശ്വസിക്കാനാവൂ, അഭിപ്രായം പറയാൻ പോലും അർഹതയുള്ളൂ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ഈ ശാന്തി മന്ത്രത്തിലെ ഇതേ ശാന്തി അഥവാ സമാധാനം തന്നെയാണ് എല്ലാ മതങ്ങളും ഇസ്ലാം എന്ന വാക്ക് പോലും പ്രതിനിധാനം ചെയ്യുന്നത്.
ഉപനിഷത്തുകളും ഭഗവദ് ഗീതയും തെറ്റാണെന്ന വിമർശന ബുദ്ധിയോടെ അതിനെ സമീപിക്കുന്ന ഇതര മത വിശ്വാസിക്ക് ആ ജ്ഞാനം സ്വായത്തമാക്കാൻ സാധ്യമല്ല. മുൻപ് വന്ന വേദങ്ങളെ അംഗീകരിക്കുന്ന ഖുർആൻ സത്യമാണെന്ന് വിശ്വസിക്കാതെ മറ്റ് മതക്കാർക്ക് അതിലെ സത്യവും ഉൾക്കൊള്ളാനാവില്ല.
വേദങ്ങളും ദൈവവും ദൈവീകതയും എല്ലാം നിരർത്ഥകമാണെന്ന് വിലപിക്കുന്ന യുക്തിവാദിയും നിരീശ്വരവിശ്വാസിയും എത്ര ബുദ്ധിപൂർവ്വമോ ശാസ്ത്രീയമോ ആയി അപഗ്രഥിച്ചാലും വേദങ്ങളെ മനസ്സിലാക്കാനാവില്ല. അത് മനസ്സിലാക്കാൻ വിശ്വാസം വേണം, അദൃശ്യത്തിലുള്ള വിശ്വാസം.
ഈ അതിഭൗതീക യാഥാർഥ്യമായ, അദൃശ്യമായ വിശ്വാസമാണ് ആത്മീയജ്ഞാനത്തിലേക്കുള്ള ആദ്യപടി.