കർവന്നേവേഹ കർമ്മാണി ജിജീവി ഷേച്ഛതം സമാഃ ഏവം ത്വയി നാന്യതേതോ വ്യസ്ഥി ന കർമ്മ ലിപ്യതേ നരേ
ഒരുവൻ ഒരു നൂറ് വർഷം ഇവിടെ ജീവിക്കാൻ ആഗ്രഹിച്ചാലും, അത് (നിർദ്ദിഷ്ട ) കർമ്മം ചെയ്ത് കൊണ്ടായിരിക്കണം. ഇപ്രകാരമല്ലാതെ മനുഷ്യന് പാപക്കെടുതിയിൽ നിന്ന് മുക്തി നേടാനാവില്ല. മനുഷ്യജീവിതം കർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കർമ്മത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേദാന്തമായി പരിഗണിക്കുന്ന ഭഗവദ് ഗീതയെ ആശ്രയിക്കാം.
കർമ്മബ്രഹ്മോത്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുത്ഭവം തസ്മാത് സർവ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം
കർമ്മം ബ്രഹ്മോത്ഭവമാണ്, ബ്രഹ്മം പരമാത്മാവിൽ നിന്നുണ്ടാകുന്നു . അത് കൊണ്ട് എങ്ങും വ്യാപ്തമായ ബ്രഹ്മം എല്ലായ്‌പ്പോഴും കർമ്മത്തിൽ പ്രതിഷ്ഠിതമെന്ന് നീ അറിയണം.
ഇവിടെ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന കർമ്മങ്ങൾ എല്ലാം ബ്രഹ്മമെന്ന അതീന്ദ്രിയ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മയി സർവാണി കർമ്മാണി സംന്യസ്യാദ്ധ്യാത്മചേതന നിരാശീർന്നിർമമോ ഭൂത്വാ യുദ്ധ്യസ്വ വിഗതജ്വരഃ
എല്ലാ കർമ്മങ്ങളേയും എന്നിൽ (പരമാത്മാവിൽ ) സമർപ്പിച്ചിട്ട് അദ്ധ്യാത്മബുദ്ധിയോടെ ആശാ രഹിതനായി എന്റേതെന്ന ഭാവമില്ലാത്തവനായി തീർന്നിട്ട് നീ യുദ്ധം ചെയ്യുക.
ഇവിടെ കർമ്മങ്ങളെല്ലാം അത് യുദ്ധമാണെങ്കിൽ കൂടി പരമാത്മാവിലുള്ള സമർപ്പണമായിട്ടാണ് ചെയ്യേണ്ടതെന്നും അത് പ്രതിഫലേച്ഛ കൂടാതെ നിസ്വാർത്ഥമായി ചെയ്യണമെന്നും വേദങ്ങൾ ഉപദേശിക്കുന്നു.
ഇതേ ഏകദൈവമായ പരമാത്മാവിലുള്ള സമർപ്പണം തന്നെയാണ് ഇസ്‌ലാം മതവും വിവക്ഷിക്കുന്നത്. കുറഞ്ഞത് അഞ്ച് നേരവും നമസ്കരിക്കുന്ന ഓരോ മുസ്ലിമും ദൈവത്തിങ്കൽ പ്രതിജ്ഞ ചെയ്യുന്നതും ഈ സമർപ്പണം തന്നെയാണ്.
ٱلَّذِى خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلاً۬ۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ പരിശുദ്ധ ഖുർആൻ (67 :2 ), നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി കർമ്മം ചെയ്യുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِينَةً۬ لَّهَا لِنَبۡلُوَهُمۡ أَيُّہُمۡ أَحۡسَنُ عَمَلاً۬ വി: ഖു , അദ്ധ്യായം (18:7 ) തീർച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരിൽ ആരാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാൻ വേണ്ടി.
ഇവിടെ ജനനവും മരണവും ഭൂമിയിലുള്ള സകല അലങ്കാരങ്ങൾ അഥവാ സുഖ സൗകര്യങ്ങളും കർമത്തിന് വേണ്ടിയല്ലാതെ അഥവാ കർമ്മമാകുന്ന പരീക്ഷണത്തിന് വേണ്ടിയല്ലാതെ ദൈവം സൃഷ്ടിച്ചിട്ടില്ല എന്ന് കാണാം.
ഏത് വിധവും ഈ ഭൂമിയിൽ ജീവിക്കാമെന്നും ഈശ്വരനോടെന്നല്ല ആരോടും തങ്ങൾക്ക് കണക്ക് ബോധിപ്പിക്കേണ്ടതില്ല എന്നുമല്ല ഹിന്ദു മതം പഠിപ്പിക്കുന്നത്. ഓരോ കർമവും ഈശ്വര സമർപ്പണത്തിന് വേണ്ടിയാകുമ്പോൾ അത് കണക്ക് ബോധിപ്പിക്കേണ്ടത് തന്നെയാണ്.
യേ തേവേദ ദഭ്യ സൂയന്തോ നാനുതിഷ്ഠന്തി മേ മതം സർവജ്ഞാനവിമൂടാംസ്താൻ വിദ്ധി നഷ്ടാനചേതസഃ
ചിലരാകട്ടെ, എന്റെ ഈ മതത്തെ ദൂഷണം ചെയ്യുന്നവരായിട്ട് അനുഷ്ടിക്കുന്നില്ല, അവിവേകികളും ആത്മകർമ്മജ്ഞാനവിഷയത്തിൽ അജ്ഞരുമായ അവരെ നശിച്ച് പോയവരായി മനസ്സിലാക്കണം.
വിശ്വാസം എന്നത് ഒരു ഏതൊരു മതത്തിന്റെയും നെടും തൂണാണ്. ആ വിശ്വാസത്തെ കുറിച്ച് എവിടെയെല്ലാം ഖുർആൻ പരാമര്ശിക്കുന്നുവോ അവിടെയെല്ലാം സത്കർമ്മവും പരാമർശിക്കുന്നുണ്ട്. അഥവാ സൽകർമ്മം കൂടാതെയുള്ള വിശ്വാസം പൊള്ളയായതാണ്.
വി :ഖു , അദ്ധ്യായം (103 :2 -3 ) إِنَّ ٱلۡإِنسَـٰنَ لَفِى خُسۡرٍ (٢) إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ (
തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു, വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
കർമത്തിൽ വിശ്വസിക്കാതിരിക്കുകയും സൽകർമങ്ങൾ ചെയ്യാതിരിക്കുകയും അതിന് ഉപദേശിക്കാതിരിക്കുകയും ചെയ്യുന്നവർ വ്യക്തമായും നഷ്ടത്തിൽ തന്നെയാണ് എന്നാണ് എല്ലാ വേദങ്ങളും ഉപദേശിക്കുന്നത്. അല്ലാത്തവർ കണക്ക് ബോധിപ്പിക്കുക തന്നെ വേണം.